കണ്ണൂരിലെ കെ റെയില്‍ സംഘര്‍ഷം; വധശ്രമവകുപ്പ് ചുമത്താവുന്ന ആക്രമണം നടന്നിട്ടില്ല, പ്രതികള്‍ക്കെതിരെയുള്ള വധശ്രമക്കേസ് ഒഴിവാക്കി

സിപിഎം സംഘടിപ്പിച്ച കണ്ണൂരിലെ കെ റെയില്‍ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജില്‍ മാക്കുറ്റിയെ ആക്രമിച്ച സംഭവത്തില്‍ വധശ്രമക്കേസ് ഒഴിവാക്കി. റിജില്‍ മാക്കുറ്റിയെ മര്‍ദ്ദിച്ചതിന് മന്ത്രി എം വി ഗോവിന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ ചുമത്തിയ വധശ്രമ കേസാണ് ഒഴിവാക്കിയത്. വധശ്രമവകുപ്പ് ചുമത്താവുന്ന ആക്രമണം നടന്നിട്ടില്ലെന്ന് കണ്ണൂര്‍ ടൗണ്‍ എസ് ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കൂട്ടം ചേര്‍ന്ന് കൈകൊണ്ട് മര്‍ദിച്ചതിനടക്കമുള്ള വകുപ്പുകള്‍ നിലനിര്‍ത്തിയാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

മന്ത്രി എം വി ഗോവിന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് പ്രശോഭ് മൊറാഴ ഉള്‍പെടെ ആറ് പേര്‍ക്കെതിരെയായിരുന്നു കേസ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അടക്കം ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകരാണ് കേസിലെ മറ്റു പ്രതികള്‍. കഴിഞ്ഞ ഇരുപതാം തീയതിയാണ് കണ്ണൂരില്‍ നടന്ന കെ റെയില്‍ വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തിയത്. യോഗ സ്ഥലത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം അനുകൂലികളും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായി. സംഘര്‍ഷത്തിനിടെ റിജില്‍ മാക്കുറ്റിയടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദനമേല്‍ക്കുകയായിരുന്നു.