കെ റെയിൽ ഡിപിആർ പുറത്ത് വിട്ടു

കെ റെയിൽ ഡിപിആർ പുറത്ത്. ആറ് വാല്യങ്ങളിലായി 3776 പേജുള്ള ഡിപിആറിൽ പദ്ധതിക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണവും നഷ്ടമാകുന്ന സസ്യജാലത്തിന്‍റെ വിശദമായ വിവരങ്ങളുമുണ്ട്. പൊളിക്കേണ്ട ആരാധനാലയങ്ങളുടെ ചിത്രമടക്കം ഡിപിആറിൽ ഉൾപ്പെടുത്തികൊണ്ട് നിയമസഭയുടെ വെബ്സൈറ്റിൽ ഡിപിആർ അപ്ലോഡ് ചെയ്തിട്ടുണ്ട്. നേരത്തെ ഡിപിആർ പുറത്ത് വിടുന്നതിൽ ഒട്ടേറെ സാങ്കേതിക തടസങ്ങളാണ് സർക്കാർ ഉയർത്തിയിരുന്നത്. സിൽവർലൈൻ പദ്ധതി വഴി ആർക്കും ഭൂമിയും താമസസ്ഥലവും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൂടി ആവർത്തിക്കുകയും ചെയ്തിരുന്നു.
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സിൽവർ ലൈനിൽ ആർക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത്. സ്ഥലം നഷ്ടപ്പെടുന്നവർക്ക് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കും. പദ്ധതിയെ അട്ടിമറിക്കാന്‍ യുഡിഎഫും ബിജെപിയും ജമാ അത്തെ ഇസ്ലാമിയും ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. അതിരടയാളക്കല്ലിടലും സാമുഹിക ആഘാതപഠനവുമായി കെ റെയിൽ മുന്നോട്ട് പോകുമ്പോഴും പ്രതിഷേധവും കടുക്കുകയാണ്.