വിധി കേട്ട് പൊട്ടിക്കരഞ്ഞ് ഫ്രാങ്കോ മുളയ്ക്കല്‍…

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ കുറ്റവിമുക്തനാണെന്ന വിധി കേട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അഭിഭാഷകരെ കെട്ടിപ്പിടിച്ചു. കോടതി മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ദൈവത്തിന് സ്തുതിയെന്ന് മാത്രമായിരുന്നു ഫ്രാങ്കോയുടെ പ്രതികരണം. സത്യം ജയിച്ചുവെന്നും പ്രതീക്ഷിച്ച വിധിയാണിതെന്നുമാണ് ഫ്രാങ്കോയുടെ കൂടെ ഉണ്ടായിരുന്നവരുടെ പ്രതികരണം.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിടുകയായിരുന്നു. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.