ലഡ്കി ഹൂം, ലഡ് സക്തീ ഹൂം; യു.പി തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് കോണ്‍ഗ്രസ്സ്; ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ 125 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളും ഉത്തര്‍പ്രദേശിന്റെ ചുമതലയുമുള്ള പ്രിയങ്കാ ഗാന്ധിയാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. ഉന്നാവില്‍ ബിജെപി എംഎല്‍എ ബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയുടെ അമ്മയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി.

2017-ലായിരുന്നു രാജ്യത്തെ നടുക്കിയ ഉന്നാവ് ബലാത്സംഗക്കേസ് പുറത്തുവന്നത്. ജോലി തേടി എംഎല്‍എ ഓഫീസിലെത്തിയ 19-കാരിയായ പെണ്‍കുട്ടിയെ എംഎല്‍എ ബലാത്സംഗം ചെയ്യുകയും പെണ്‍കുട്ടിയുടെ അച്ഛനെ കുല്‍ദീപ് സെംഗാറിന്റെ സഹോദരന്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊല്ലുകയിം ചെയ്തിരുന്നു. ഇത് വലിയ പ്രതിഷേധമാണ് രാജ്യമെമ്പാടും ഉയര്‍ത്തിയത്. ഏറെക്കാലം കുല്‍ദീപ് സെംഗാറിനെ സംരക്ഷിച്ച ബിജെപിക്ക് കേസില്‍ കോടതി എംഎല്‍എയെ ശിക്ഷിച്ചതോടെ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടി വന്നു.

ഉത്തര്‍പ്രദേശില്‍ ബിജെപി, എസ്പി പാര്‍ട്ടികളൊന്നും സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടില്ല. അതിനു മുന്നേ ഏറ്റവുമാദ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കിയാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക. 125 പേരില്‍ 40 ശതമാനം സ്ത്രീകളും 40 ശതമാനം യുവാക്കളുമാണ്. 80 ശതമാനത്തോളം പുതുമുഖങ്ങളെ അണിനിരത്തികൊണ്ട് ചരിത്രപരമായ തീരുമാനത്തിലൂടെ പുതിയ രാഷ്ട്രീയത്തിനാണ് യുപിയില്‍ കോണ്‍ഗ്രസ് തുടക്കം കുറിക്കുന്നതെന്ന പ്രിയങ്കാ ഗാന്ധി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ദിനേന വാര്‍ത്തയായ ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരിനെതിരെ പ്രധാനപ്രചാരണവിഷയമായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടാന്‍ ഉദ്ദേശിക്കുന്നതും ഇതേ വിഷയമാണ്. ‘ലഡ്കി ഹൂം, ലഡ് സക്തീ ഹൂം’ (പെണ്‍കുട്ടിയാണ്, പോരാടും) എന്നാണ് കോണ്‍ഗ്രസിന്റെ പ്രചാരണമുദ്രാവാക്യം. 403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. ഫെബ്രുവരി 10 മുതല്‍, 14, 20, 23, 27, മാര്‍ച്ച് 3, 7 എന്നീ തീയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മാര്‍ച്ച് 10-നാണ്.