യൂത്ത് കോണ്‍ഗ്രസ്സ് ഡ്രാക്കുള സംഘമായി മാറിയെന്ന് ഡിവൈഎഫ്‌ഐ. കലാലയങ്ങളില്‍ ബോധപൂര്‍വ്വം കലാപങ്ങള്‍ സൃഷ്ടിച്ച് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥി പിന്തുണ തിരിച്ചുപിടിക്കാന്‍ കെഎസ്‌യു ശ്രമിക്കുകയാണ്. സുധാകരന്‍ കോണ്‍ഗ്രസ്സിന്റെ തലപ്പത്ത് വന്നാലുള്ള അപകടമാണ് ഇപ്പോള്‍ കാണുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
കെ സുധാകരന്‍ സംസ്ഥാനത്ത് കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. പ്രതി തന്നെ കുറ്റം സമ്മതിച്ചിട്ടും കൊലയാളികളെപ്പോലും നാണിപ്പിക്കുന്ന ന്യായീകരണമാണ് കോണ്‍ഗ്രസ്സ് നേതാക്കളുടേത്. കള്ളം പറഞ്ഞ് രക്തസാക്ഷി പട്ടിക നീട്ടാന്‍ കെഎസ്‌യു ശ്രമിക്കുന്നു. നേതാക്കള്‍ ആരോപിച്ചു.
കോണ്‍ഗ്രസ് ഭീകരതയ്ക്കെതിരെ നാളെ ജില്ലാ കേന്ദ്രങ്ങളില്‍ നാളെ ഡി വൈ എഫ് ഐ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. യൂണിറ്റ് കേന്ദ്രങ്ങളില്‍ 25 ാം തീയ്യതി അനുസ്മരണ റാലികളും നടക്കും. സുധാകരന്റെ ശൈലിയാണോ കോണ്‍ഗ്രസ്സിന്റെ ഇനിയുള്ള ശൈലിയെന്ന് മറ്റ് കോണ്‍ഗ്രസ്സ് നേതാക്കള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട ഡിവൈഎഫ്‌ഐ നേതാക്കള്‍ മലയാളിയുടെ സാമാന്യ ബുദ്ധിയെ സുധാകരന്‍ വെല്ലുവിളിക്കുന്നുവെന്നും കുറ്റപ്പെടുത്തി.
സുധാകരനിസം ഫാസിസത്തെ കടമെടുക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ്സിനെ കൊണ്ട് ആയുധമെടുപ്പിക്കുന്നു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന രൂപത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് മാറി. കൊലപാതകിയായ നിഖില്‍ പൈലിയെ ഇപ്പോഴും യൂത്ത് കോണ്‍ഗ്രസ്സ് ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റാനെങ്കിലും തയ്യാറാകണം. ധീരജ് കൊലക്കേസില്‍ നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമാണെന്നും നേതാക്കളായ വി കെ സനോജ്,എസ് സതീഷ്,എം വിജിന്‍ എംഎല്‍എ, മനു തോമസ്, എം ഷാജിര്‍ എന്നിവര്‍ പറഞ്ഞു.
ധീരജിന്റെ വിലാപയാത്ര നടക്കുന്നസമയത്ത് തിരുവനന്തപുരം പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി അരങ്ങേറിയ മെഗാതിരുവാതിര ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അങ്ങനെ ഉണ്ടായെങ്കില്‍ തന്നെ സിപിഐഎം ദുഖാചാരണം ആഹ്വാനം ചെയ്തിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.