ക്യാമ്പസുകള്‍ കലാപഭൂമി ആക്കരുത്; കോളേജുകളില്‍ ഇന്ന് എസ്എഫ്‌ഐയുടെ ക്യാമ്പസ് ധര്‍ണ; കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കും

ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി ധീരജിനെ കുത്തി കൊലപ്പെടുത്തിയ സംഭവം ക്യാമ്പസുകളെ കലാപഭൂമി ആക്കാനുള്ള കെഎസ്യു കോണ്‍ഗ്രസ് നീക്കത്തിനെതിരെ എസ്എഫ്‌ഐയുടെ ക്യാമ്പസ് ധര്‍ണ.സംസ്ഥാനത്തെ മുഴുവന്‍ കോളേജുകളിലും ഇന്ന് ധര്‍ണ നടത്തും.

അതേസമയം ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിനു പിന്നില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കേസില്‍ സമഗ്ര അന്വേഷണം വേണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. ഗൂഢാലോചന നടന്നെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ധീരജിന്റെ കൊലപാതകം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തിനെ നിയമിക്കും.

 

ഇതിനിടെ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ഇടുക്കി ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിട്ടുള്ളത്. പ്രതികളെ ഇന്നലെ വൈകിട്ട് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു.സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്.നിഖില്‍ പൈലിയും ജെറിന്‍ ജോജോയും കൂടാതെ കൂടാതെ കണ്ടാലറിയാവുന്ന നാലുപേരെ കൂടി എഫ്‌ഐആറില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്