കണ്ണൂരിൽ കുഴിയില്ലാത്ത റോഡിൽ ടാർ ചെയ്തു..വിജിലൻസ് അന്വേഷണം

മെക്കാഡം ടാർ ചെയ്ത തകരാത്ത റോഡിൽ അനാവശ്യമായി ടാർ ചെയ്ത സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. മേലെ ചൊവ്വ – മട്ടന്നൂർ വിമാനത്താവളറോഡിലാണ് കഴിഞ്ഞ ദിവസം ഇത്തരത്തിൽ ടാറിങ് നടത്തിയത്. നാട്ടുകാർ ചോദ്യം ചെയ്തതോടെ കരാറുകാരൻ സ്ഥലത്ത് നിന്നും മുങ്ങുകയും ചെയ്തു. ദൃശ്യങ്ങൾ സഹിതം പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
മെക്കാഡം ടാറിങ് പൂർത്തിയാക്കിയ മേലേചൊവ്വ മട്ടന്നൂർ റോഡ് ജില്ലയിലെ കുണ്ടുംകുഴിയുമില്ലാത്ത നല്ല ർഡുകളിൽ ഒന്നാണ്. ഈ റോഡിലാണ് ചിലയിടങ്ങളിൽ അനാവശ്യമായി ടാറിങ് നടത്തിയത്. മരാമത്ത് മെയ്ന്റനൻസ് ഡിവിഷൻ തയ്യാറാക്കിയ 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പ്രകാരമായിരുന്നു ടാറിങ് .17.6 ലക്ഷം രൂപയ്ക്കാണ് കരാർ നൽകിയത്. യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ സുഗമമായി വാഹനങ്ങൾ പോയിക്കൊണ്ടിരുന്നു റോഡിൽ ടാറിങ്ങിന് ശേഷം റോഡിന്റെ നിരപ്പ് നഷ്ടമായത് ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ബുദ്ധിമുട്ടാവുകയാണ് ഇപ്പോൾ . റോഡ് തകരാനുള്ള സാധ്യത മുന്നിൽക്കണ്ട് ബലപ്പെടുത്തന്നതിനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയതെന്നും കുഴിയില്ലാത്തിടത്താണ് ടാർ ചെയ്തതെങ്കിൽ ബിൽ മാറിനൽകില്ലെന്നും സംഭവം വിവാദമായതിന് പിന്നാലെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പൊതു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ദൃശ്യങ്ങൾ സഹിതം നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.