നവജാത ശിശുവിനെ തട്ടികൊണ്ടു പോയത് കാമുകനെ ബ്ലാക്മെയില്‍ ചെയ്യാന്‍; ആശുപത്രിക്കുണ്ടായ സുരക്ഷാ വീഴ്ചയില്‍ അന്വേഷണം

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും നീതു നവജാത ശിശുവിനെ തട്ടികൊണ്ടു പോയത് കാമുകനെ ബ്ലാക്മെയില്‍ ചെയ്യാന്‍. നീതുവിനെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച ഇബ്രാഹിം ബാദുഷ എന്നയാളെ ബ്ലാക്ക്മെയില്‍ ചെയ്യാനായിരുന്നു 3 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടികൊണ്ടുപോവാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. നീതുവിന്റെ ഭര്‍ത്താവ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. ടിക്-ടോക്കിലൂടെയാണ് ഇബ്രാഹിം ബാദുഷയെ നീതു പരിചയപ്പെടുന്നത്. തന്റെ മകനൊപ്പം എത്തിയാണ് നീതു കുഞ്ഞിനെ തട്ടികൊണ്ടുപോവാന്‍ ശ്രമിച്ചത്.വിവാഹ വാഗ്ദാനം നല്‍കി നീതുവില്‍ നിന്നും 30 ലക്ഷം രൂപയും സ്വര്‍ണവും ബാദുഷ തട്ടിയെടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്.നീതു ഗര്‍ഭിണിയാണെന്ന വിവരം ബാദുഷക്ക് അറിയാമായിരുന്നെങ്കിലും ഗര്‍ഭം അലസിപ്പിച്ച വിവരം ബാദുഷയോട് പറഞ്ഞിരുന്നില്ല. മെഡിക്കല്‍ കോളേജില്‍ നിന്നും തട്ടിയെടുത്ത കുഞ്ഞിനെ ബാദുഷയുടെ കുഞ്ഞെന്ന് വരുത്തി തീര്‍ത്ത് ബ്ലാക് മെയില്‍ ചെയ്യാനായിരുന്നു നീക്കം.സംഭവത്തില്‍ ഇബ്രാഹീം ബാദുഷയും പൊലീസ് കസ്റ്റഡിയിലുണ്ട്.

വളരെ ആസൂത്രിതമായാണ് നീതു കുട്ടിയെ മോഷ്ടിക്കാനുള്ള പദ്ധതിയുണ്ടാക്കിയത്. ഇതിനായി മെഡിക്കല്‍ കോളേജിന് സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച നീതു പല തവണ ഗൈനക്കോളജി വിഭാഗത്തിലെത്തിയതായും വിവരമുണ്ട്. എന്നാല്‍ സംഭവത്തിനു പിന്നില്‍ കുട്ടിക്കടത്ത് റാക്കറ്റല്ലെന്നും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നും പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു.

അതേസമയം കുഞ്ഞിനെ തട്ടികൊണ്ടു പോയ സംഭവത്തില്‍ ആശുപത്രിക്ക് ഉണ്ടായ സുരക്ഷാ വീഴ്ച അന്വേഷിച്ച് റിപ്പോര്‍ട്ട് കൈമാറാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ആര്‍ എം ഒയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിനാണ് ചുമതല. ആര്‍ എം ഒ, നഴ്സിംഗ് ഓഫിസര്‍, സുരക്ഷാ തലവന്‍, ഫോറന്‍സിക് വിദഗ്ധന്‍ എന്നിവര്‍ ആണ് സമിതി അംഗങ്ങള്‍. ഇവര്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.