സിൽവർ ലൈൻ; തുടക്കം മുതൽ ഒടുക്കം വരെ കല്ലുകൾ പിഴുതെറിയുമെന്ന് കെ സുധാകരൻ

സിൽവർ ലൈനിൽ സർക്കാർ വാശി കാണിച്ചാൽ യുദ്ധ സന്നാഹത്തോടെ എതിർക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തുടക്കം മുതൽ ഒടുക്കം വരെ കല്ലുകൾ പിഴുതെറിയുമെന്നും പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനിൽ മാത്രമാണ് സർക്കാരിന്റെ കണ്ണെന്നും പദ്ധതി നടത്തണമെന്ന് മുഖ്യമന്ത്രി വാശിപിടിക്കുന്നത് ലാവലിനെക്കാളും കമ്മീഷൻ കിട്ടും എന്നത് കൊണ്ടാണെന്നും സുധാകരൻ പറഞ്ഞു. ക്രമസമാധാന തകർച്ച മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തരുതെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകി.
സമരമുഖത്തേക്ക് ജനങ്ങളെ കൊണ്ടുവരും. പാക്കേജ് മുഖ്യമന്ത്രിയുടെ ഔദാര്യമല്ല അത് അവകാശമാണെന്നും സുധാകരൻ വ്യക്തമാക്കി. കെ റെയിൽ വേണ്ട എന്ന് തന്നെയാണ് കെപിസിസി നിലപാട്. തൻ്റേടമുണ്ടെങ്കിൽ മുഖ്യമന്ത്രി ഞങ്ങളെ പദ്ധതി ബോധ്യപ്പെടുത്ത്, എന്നിട്ട് സംസാരിക്കാമെന്നാണ് സുധാകരന്റെ വെല്ലുവിളി.

കാലഹരണപ്പെട്ട ടെക്നോളജിയാണ് സിൽവർ ലൈൻ, ഇ ശ്രീധരനും പരിഷത്തും പദ്ധതിയെ എതിർക്കുന്നു. അഞ്ച് ശതമാനം കമ്മീഷനിലാണ് മുഖ്യമന്ത്രിയുടെ കണ്ണെന്ന് പ്രതിപക്ഷം ആരോപിച്ചു. പഠനം നടത്തുന്ന ഏജൻസി സർക്കാർ നേരിട്ട് തെരഞ്ഞെടുത്ത ഏജൻസിയാണ് അത് കൊണ്ട് തന്നെ അവരുടെ പഠന റിപ്പോർട്ട് എങ്ങനെയായിരിക്കും എന്ന് ഉറപ്പിക്കാവുന്നതല്ലേയെന്നാണ് സുധാകരന്‍റെ ചോദ്യം. കോൺഗ്രസിനെ വികസനം പഠിപ്പിക്കാൻ പിണറായി വരണ്ടെന്നും സുധാകരൻ പറഞ്ഞു.