സംസ്ഥാന സർക്കാരുമായുള്ള തർക്കത്തെ കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത് ഗൗരവമുള്ള കാര്യങ്ങളാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . താൻ വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ പൊതു സമൂഹത്തോട് പറഞ്ഞിട്ടുള്ളു എന്നും രാജ്യത്തിൻ്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയങ്ങളിലുൾപ്പടെ തർക്കമുണ്ടെന്നും ഗവർണർ പറയുകയുണ്ടായി. ഈ അവസരത്തിൽ ആറ് കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഗവർണ്ണറുടെ വെളിപ്പെടുത്തലിലൂടെ ബോധ്യപ്പെടുന്നത് സർക്കാരുമായുള്ള തർക്കത്തിലെ മഞ്ഞുമലയുടെ ഒരഗ്രം മാത്രമെ പുറത്തുവന്നിട്ടുള്ളൂ എന്നാണ്. എന്തു കാര്യങ്ങളിലാണ് തർക്കങ്ങളുള്ളതെന്ന് ഉത്തരവാദിത്തപ്പെട്ടവർ വ്യക്തത വരുത്തണം. രാഷ്ട്രപതിക്ക് ഓണററി ഡി ലിറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളെക്കുറിച്ചാണോ ഗവർണർ സൂചിപ്പിച്ചതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.