സിൽവർ ലൈൻ; പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും പദ്ധതിയുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ധനമന്ത്രി

സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പദ്ധതിയുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിൽ സംസ്ഥാനം കൂടുതൽ വിഹിതം ആവശ്യപ്പെടും. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടുതൽ വിഹിതം ആവശ്യപ്പെടുമെന്നും അർഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ കെ-റെയിൽ പദ്ധതിക്കെതിരായ സമരത്തിൽ യു ഡി എഫിന് ഒറ്റ അഭിപ്രായമേ ഉള്ളുവെന്ന് മുസ്ലിം ലീഗ്. കെ റെയിൽ പദ്ധതി സർക്കാരിന് ലാഭകരമായി നടത്താൻ കഴിയില്ലെന്ന് കെ പി എ മജീദ് പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ ബാധ്യത ഏറ്റെടുത്ത് പദ്ധതി നടപ്പാക്കാനാകില്ലെന്നും മജീദ് പറഞ്ഞു. കെ റെയിൽ പദ്ധതിയുടെ നടത്തിപ്പിനും പരിപാലനത്തിനുമായി കോടികൾ ചെലവാകുമെന്നാണ് പദ്ധതി രേഖയിൽ പറയുന്നത്. ആദ്യ പത്ത് വർഷം അറ്റകുറ്റപണിക്ക് മാത്രം 542 കോടി വീതവും പിന്നീട് 694 കോടി വീതവും റിപ്പോർട്ട്. ഇന്ധനമായി ഉപയോഗിക്കുന്ന സൗരോർജം വാങ്ങാനും കോടികളുടെ ചെലവുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അയ്യായിരത്തോളം ജീവനക്കാർ ശമ്പളം നൽകാൻ 271 കോടി രൂപയാണ് വേണ്ടത്. ശരാശി വാർഷിക ശമ്പളം എട്ട് ലക്ഷം രൂപയാകും.