പൊലീസിൽ ആര്‍.എസ്.എസുകാര്‍ ഉണ്ടാകുന്നതിൽ എന്താണ് തെറ്റെന്ന് കെ സുരേന്ദ്രന്‍

പൊലീസിൽ ആര്‍.എസ്.എസുകാര്‍ ഉണ്ടാകുന്നതിൽ എന്താണ് തെറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പൊലീസിൽ മാത്രമല്ല ആർ.എസ്.എസ് പ്രവർത്തകർ എല്ലായിടത്തും ഉണ്ട്. രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും ആർ.എസ്.എസ് ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആഭ്യന്തരമന്ത്രി ആയിരുന്ന കോടിയേരി ബാലകൃഷ്ണന്‍ എന്തോ പുതിയ കാര്യം പോലെയാണ് ആര്‍.എസ്എസിനെ കുറിച്ച് പറയുന്നത്. ആർ.എസ്.എസും പോപ്പുലര്‍ ഫ്രണ്ടും ഒരുപോലെയല്ല. പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദ സംഘടനയാണ്. ആര്‍.എസ്.എസ് ഒരു ദേശസ്നേഹ സംഘടനയാണ്. പൊലീസിലും പട്ടാളത്തിലും ഈ സാമൂഹ്യ ജീവിത്തിലാകമാനവും അവരുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. പൊലീസിലെ നിർണായക ചുമതലകൾ കൈയാളാൻ ആർ.എസ്.എസ്-യു.ഡി.എഫ് അനുഭാവികള്‍ ശ്രമിക്കുന്നുവെന്നാണ് കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞത്. സി.പി.എം അനുകൂലികളായ പൊലീസുകാര്‍ക്ക് റൈറ്റര്‍ പോലുള്ള തസ്തികകളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ല. പേഴ്‌സണല്‍ സ്റ്റാഫിലേക്കാണ് അവരുടെ നോട്ടം. ഇടത് അനുകൂല പൊലീസുകാർ ജോലിഭാരം കുറവുള്ള തസ്തികൾ തേടി പോകുകയാണ്. ഗണ്‍മാന്‍ ആകാനും സ്പെഷ്യല്‍ ബ്രാഞ്ചില്‍ കയറാനും തിരക്ക് കൂട്ടുന്നു. അവര്‍ പോകുമ്പോള്‍ ആ ഒഴിവില്‍ ആര്‍.എസ്.എസ് അനുകൂലികള്‍ കയറി കൂടുകയാണെന്നും കോടിയേരി പറഞ്ഞു.