ലോകത്തെ ഏറ്റവും വലതും ശക്തവുമായ നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ടെലിസ്‌കോപ്പ് വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയില്‍ നിന്ന് അരിയാനെ 5 റോക്കറ്റ് ഉപയോഗിച്ച് ഇന്ത്യന്‍ സമയം 5.50നായിരുന്നു വിക്ഷേപണം. വിക്ഷേപണം കഴിഞ്ഞ് 27 മിനുട്ടിന് ശേഷം പേടകം വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പ്പെട്ടു. സോളാര്‍ പാനലുകള്‍ വിടര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയതായി മിഷന്‍ കണ്‍ട്രോള്‍ അറിയിച്ചു.നാസയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയും ചേര്‍ന്നാണ് ദൂരദര്‍ശിനി വികസിപ്പിച്ചത്.ഏകദേശം 75,000 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.
പ്രപഞ്ചത്തിന്റെ ആദ്യകാലഘട്ടത്തില്‍ രൂപപ്പെട്ട ഗാലക്സികള്‍, ഉല്‍ക്കാശിലകള്‍, ഗ്രഹങ്ങള്‍ എന്നിവയൊക്കെയും ഇതിലൂടെ കണ്ടെത്താനാകും. പ്രപഞ്ചരഹസ്യങ്ങള്‍ക്കുള്ള വിശദമായ പഠനം നടത്തുകയാണ് ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ് ദൗത്യം. കൂടാതെ
അന്യഗ്രഹജീവികളുടെ സാന്നിധ്യം കണ്ടെത്താനും ഈ ടെലിസ്‌കോപ്പിന് കഴിയും.
ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ഏകദേശം നാലിരട്ടി അകലത്തില്‍ ലെഗ്രാഞ്ച് 2 പോയിന്റാണ് പേടകത്തിന്റെ ലക്ഷ്യം.ഇവിടെയെത്താന്‍ ഒരു മാസമെടുക്കും.വിക്ഷേപണം കഴിഞ്ഞ് 12 മണിക്കൂര്‍ കഴിയുമ്പോഴായിരിക്കും ആദ്യ സഞ്ചാര പാതാ മാറ്റം. ഇത്തരത്തില്‍ മൂന്ന് തവണ പേടകത്തിലെ റോക്കറ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് സഞ്ചാര പാത ക്രമീകരിക്കും.സൂര്യന്റെ ശക്തമായ പ്രകാശത്തില്‍ നിന്ന് ഭൂമിയും സ്വന്തം സോളാര്‍ ഷീല്‍ഡും ദൂരദര്‍ശിനിയെ സംരക്ഷിക്കും. എല്‍ 2വില്‍ എത്തി ആറ് മാസം കഴിഞ്ഞ ശേഷമായിരിക്കും ദൂരദര്‍ശിനി കമ്മീഷന്‍ ചെയ്യുക.