പ്രതിയെ പിടിക്കാൻ എത്തിയ സംഘത്തിന്റെ വള്ളം മറിഞ്ഞു, ഒരു പോലീസുകാരൻ മരിച്ചു

തിരുവനന്തപുരം വർക്കല ശിവഗിരിയിൽ പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വള്ളം മറിഞ്ഞു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു.. പോത്തൻകോട് കൊലപാതക കേസിലെ പ്രതിയെ പിടിക്കാൻ എത്തിയ സംഘത്തിന്റെ വള്ളമാണ് മറിഞ്ഞത്. പനയിൽക്കടവ് പാലത്തിന് സമീപമാണ് അപകടം. സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ കണ്ടെത്താൻ എത്തിയ സംഘത്തിന്റെ വള്ളം മറിയുകയായിരുന്നു. വർക്കല സിഐ അടക്കം നാലുപേരാണ്​ വള്ളത്തിൽ​ ഉണ്ടായിരുന്നത്​. മൂന്നുപേർ നീന്തിരക്ഷപ്പെട്ടു. എന്നാൽ എസ്.എ.പി ബറ്റാലിനിൽ നിന്ന് നിയോഗിച്ച ആലപ്പുഴ സ്വദേശി ബാലവിനെ കാണാതാവുകയായിരുന്നു.

തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ തെരച്ചിലിൽ ബാലുവിനെ കണ്ടെത്തി. വള്ളം മറിഞ്ഞതിന് സമീപത്തു നിന്നുമാണ് കണ്ടെത്തിയത്. ബാലുവിനെ ഉടൻ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.