പെൺകുട്ടികളുടെ വിവാഹം പ്രായം; പാർലമെന്റിൽ അടിയന്തര പ്രമേയത്തിനു മുസ്‌ലിം ലീഗ് നോട്ടീസ് നൽകി

പെൺകുട്ടികളുടെ വിവാഹം പ്രായം 21 ലേക്ക് വർദ്ധിപ്പിക്കുന്ന വിഷയത്തിൽ പാർലമെന്റിൽ അടിയന്തര പ്രമേയത്തിനു മുസ്‌ലിം ലീഗ് രാജ്യസഭയിലും ലോകസഭയിലും നോട്ടീസ് നൽകി. ലോക്‌സഭയിൽ ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദു സമദ് സമദാനി എന്നിവരാണ് നോട്ടീസ് നൽകിയത്. രാജ്യസഭയിൽ പിവി അബ്ദുൽ വഹാബും നോട്ടീസ് നൽകി. ബിൽ വന്നാൽ ശക്തിയായി എതിർക്കുമെന്നും രാജ്യത്ത് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണ് കേന്ദ്രസർക്കാറെന്നും ഇ.ടി മുഹമ്മദ് ബഷീർ ആരോപിച്ചു. വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്നത് സാധൂകരിക്കപ്പെടുന്ന രാജ്യത്ത് വിവാഹപ്രായം കൂട്ടുന്നത് എങ്ങനെയാണ് ന്യായീകരിക്കുകയെന്നും അദ്ദേഹം ചോദിച്ചു. വ്യക്തി നിയമത്തെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് കേന്ദ്രസർക്കാറിന്റെ നീക്കമെന്നതിനാൽ തീർച്ചയായും എതിർക്കും. വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്തയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് സാംസ്‌കാരിക അധഃപതനത്തിനും മൂല്യച്ച്യുതിക്കും കാരണമാവുമെന്ന് സമസ്ത ഏകോപന സമിതിയോഗം വിലയിരുത്തിയിരുന്നു.