സജീവരാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് മെട്രോമാൻ ഇ. ശ്രീധരൻ

താൻ സജീവരാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. രാഷ്ട്രീയം പാടേ ഉപേക്ഷിക്കുന്നുവെന്ന് ഇതിനർത്ഥമില്ലെന്നും, പരാജയത്തിൽ നിന്ന് പാഠം പഠിച്ചെന്നും ഇ. ശ്രീധരൻ പറഞ്ഞു. പല കാര്യങ്ങളും തിരുത്താതെ കേരളത്തിൽ ബിജെപിക്ക് രക്ഷയില്ലെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

”ഞാൻ രാഷ്ട്രീയത്തിലിറങ്ങിയത് സജീവരാഷ്ട്രീയക്കാരനായിട്ടല്ല, ബ്യൂറോക്രാറ്റായിട്ടാണ്. രാഷ്ട്രീയത്തിൽ എന്‍റെ ഏറ്റവും പ്രായമേറിയ കാലത്താണ് ഞാൻ ചേർന്നത്. അതിന് മുമ്പ് പല തവണയായി എനിക്ക് രാജ്യസേവനത്തിന് അവസരം കിട്ടിയിട്ടുണ്ട്”, എന്ന് ഇ ശ്രീധരൻ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ ഇ ശ്രീധരൻ പാലക്കാട്ട് നിന്ന് മത്സരിച്ച് ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടിരുന്നു. പാലക്കാട്ട് അവസാനനിമിഷം വരെ ഇ ശ്രീധരൻ പൊരുതി നിന്നത് മാത്രമായിരുന്നു ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ ഏക പ്രതീക്ഷ.