പിജി ഡോക്ടർമാർ എമർജൻസി ഡ്യൂട്ടികളിലേക്ക്

മന്ത്രിയുമായി നടത്തിയ ചർച്ചയിലെ പുരോഗതി കണക്കിലെടുത്ത് എമർജൻസി ഡ്യൂട്ടികളിലേക്ക് തിരികെ പ്രവേശിക്കുമെന്ന് പിജി ഡോക്ടർമാരുടെ അസോസിയേഷൻ അറിയിച്ചു. പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് അസോസിയേഷന്‍റെ തീരുമാനം. അഞ്ച് ദിവസമാണ് എമർജൻസി ഡ്യൂട്ടികൾ ബഹിഷ്കരിച്ച് പിജി ഡോക്ടർമാർ സമരം ചെയ്തത്. സമരം ചെയ്യുന്ന പിജി ഡോക്ടർമാരുമായി ഇന്ന് ആരോഗ്യവകുപ്പിന്‍റെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ് ചർച്ച നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് ചർച്ച. സ്റ്റൈപ്പൻഡ് വർധിപ്പിക്കണമെന്നും കൂടുതൽ നോൺ അക്കാദമിക്ക് റസിഡന്‍റ് ഡോക്ടർമാരെ നിയമിക്കണമെന്നുമുള്ള സമരക്കാരുടെ ആവശ്യങ്ങളിൽ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമവായമാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥ തല ചർച്ച. ആവശ്യങ്ങളിൽ സർക്കാർ രേഖാമൂലം വ്യക്തത നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം