കണ്ണൂർ സർവകലാശാല വി സിയുടെ ആദ്യ നിയമനം തന്നെ ചട്ടവിരുദ്ധമെന്ന് കെ എസ് യു

കണ്ണൂർ സർവകലാശാല വി സിയുടെ ആദ്യ നിയമനം തന്നെ ചട്ടവിരുദ്ധമെന്ന് കെ എസ് യു. സേർച്ച് കമ്മിറ്റി ഒറ്റപ്പേര് മാത്രം നിർദേശിച്ചത് യു ജി സി ചട്ടങ്ങളുടെ ലംഘനമാണെന്ന് കെ എസ് യു പറഞ്ഞു. സംഭവം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാമാസ് ആവശ്യപ്പെട്ടു.

കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. മന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തിലാണ് നേതാക്കൾ. രമേശ് ചെന്നിത്തല വിഷയം ചൂണ്ടികാട്ടി ഇന്ന് ലോകായുക്തയിൽ പരാതി നൽകും. ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ മന്ത്രി സ്വജനപക്ഷ പാതം കാണിച്ചുവെന്നാണ് പരാതി.

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പുനർ നിയമനത്തിന് ശുപാർശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നതിന് തെളിവായി മന്ത്രി അയച്ച കത്ത് ഇന്നലെ രാത്രിയോടെ പുറത്തു വന്നിരുന്നു. ഇതു സംബന്ധിച്ച് ഗവർണ്ണർക്കാണ് പ്രൊഫ. ബിന്ദു കത്ത് നൽകിയത്. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സെർച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാർശ ചെയ്തെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ വിവാദത്തെ കുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ഇതുവരെ പ്രതികരിച്ചിട്ടില്ല.