കര്‍ഷകര്‍ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

കര്‍ഷകര്‍ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഉറപ്പുകള്‍ രേഖാമൂലം കേന്ദ്രസര്‍ക്കാര്‍ സംയുക്ത കിസാന്‍ മോര്‍ച്ചാ പ്രതിനിധികള്‍ക്ക് കൈമാറി. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി തുടര്‍ന്നുവന്ന ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം അവസാനിപ്പിക്കാന്‍ ധാരണയായി.

മറ്റ് സംസ്ഥാനങ്ങളിൽ സമരം അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. സിംഖുവില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം നടക്കുകയാണ്. സമരങ്ങള്‍ക്കിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, മിനിമം താങ്ങുവില, കര്‍ഷകര്‍ക്കെതിരെയായ കേസുകള്‍ പിന്‍വലിക്കുക എന്നിവയടക്കം ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചു. ഹരിയാന, യുപി, ഡല്‍ഹി എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തകേസുകള്‍ ഉടന്‍ പിന്‍വലിക്കും. രേഖാമൂലം ഉറപ്പുവേണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചു.

പ്രക്ഷോഭങ്ങള്‍ക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ സമ്മതമറിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. മിനിമം താങ്ങുവില സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സമിതിയെ നിയോഗിക്കും. കര്‍ഷക പ്രതിനിധികളെ ഈ സമിതിയില്‍ ഉള്‍പ്പെടുത്തും. വൈദ്യുതി ഭേദഗതി ബില്ലില്‍ എല്ലാവരുടെയും അഭിപ്രായം തേടും.