വഖഫ് നിയമന വിഷയത്തിൽ ചിലർ പ്രകടിപ്പിക്കുന്നത് അനാവശ്യ ആശങ്കയെന്ന് കേരള മുസ്ലീം ജമാഅത്ത്

വഖഫ് നിയമന വിഷയത്തിൽ ചിലർ പ്രകടിപ്പിക്കുന്നത് അനാവശ്യ ആശങ്കയെന്ന് കേരള മുസ്ലീം ജമാഅത്ത്. നിയമനം പിഎസ്‌സിക്ക് നൽകുന്നതിൽ ചർച്ചക്ക് സന്നദ്ധനാണെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ചർച്ചകളിലൂടെ മാത്രമേ അന്തിമതീരുമാനം എടുക്കു എന്ന് ഉറപ്പ് നൽകിയതാണെന്നും കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഖലീലൂൽ ബുഖാരി തങ്ങൾ അറിയിച്ചു.

പിഎസ്‌സിക്ക് വിട്ടാൽ അർഹതയില്ലാത്തവർ കടന്നുകൂടുമെന്ന ആശങ്ക അനാവശ്യമാണെന്ന് സയ്യിദ് ഖലീലൂൽ ബുഖാരി തങ്ങൾ പറഞ്ഞു. ബോർഡിൽ ഇഷ്ടക്കാരെ തിരുകികയറ്റുന്നത് ഇല്ലാതാക്കാനാകുമെന്ന് ചൂണ്ടിക്കാട്ടിയ സയ്യിദ് ഖലീലൂൽ ബുഖാരി തങ്ങൾ, പക്ഷപാതിത്വമില്ലാതെ നിയമനം നടത്താൻ പുതിയ തീരുമാനത്തിലൂടെ സാധിക്കുമെന്നും കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ചർച്ച നടത്താമെന്നറിയിച്ചിട്ടും അതിന് തയ്യാറാകാതെ പ്രതിഷേധം നടത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. വഖഫ് നിയമന വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച സമസ്ത നേതാക്കൾ നാളെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തി സമസ്ത നേതാക്കൾ മുഖ്യമന്ത്രിയെ കാണും.