മോഫിയയെ ഭർത്താവ് സുഹൈൽ തലാക്ക് ചൊല്ലിയതിനെതിരെ കുടുംബം നിയമനടപടിക്ക്

ആലുവയിൽ നിയമവിദ്യാർത്ഥിനിയെ ഭർത്താവ് സുഹൈൽ തലാക്ക് ചൊല്ലിയതിനെതിരെ കുടുംബം നിയമനടപടിക്ക് ഒരുങ്ങുന്നു. വിഷയത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു. ഇതിനായി സുപ്രിംകോടതി അഭിഭാഷകന്റെ നിയമോപദേശം മോഫിയയുടെ പിതാവ് തേടി.

തലാക്കുമായി ബന്ധപ്പെട്ട രേഖകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് പള്ളിക്കമ്മിറ്റിയോട് വിവരങ്ങൾ ചോദിച്ചു. തലാക്ക് വിഷയത്തിൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് പള്ളിക്കമ്മിറ്റി പറയുന്നു. കേസെടുക്കുന്ന കാര്യത്തിൽ പൊലീസിനും അവ്യക്തത നിലനിൽക്കുന്നുണ്ട്. ഡോക്ടറിൽ കുറഞ്ഞയാളെ വിവാഹം കഴിച്ചുവെന്ന എതിർപ്പ് സുഹൈലിന്റെ വീട്ടുകാർക്ക് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇക്കാര്യം പറഞ്ഞ് മോഫിയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മോഫിയയെ ഒഴിവാക്കി വേറെ വിവാഹം കഴിക്കാൻ സുഹൈൽ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.