ഗുണ്ടകളെ ഇറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കെ സുധാകരൻ ശ്രമിക്കുന്നുവെന്ന് മമ്പറം ദിവാകരൻ

 

ഗുണ്ടകളെ ഇറക്കി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ശ്രമിക്കുന്നുവെന്ന് മമ്പറം ദിവാകരൻ. കെപിസിസിക്ക് ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ ഒരു അവകാശവും ഇല്ല. തെരഞ്ഞെടുപ്പിൽ സുധാകരന്റെ രാഷ്ട്രീയം പരാജയപ്പെടും. തന്നെ തകർക്കാനാണ് കോൺഗ്രസ് പാനലിനെ ഇറക്കിയത്. ശിഷ്യനെ മുൻനിർത്തി പിൻ സീറ്റ് ഡ്രൈവിങിനാണ് സുധാകരൻ ശ്രമിക്കുന്നത്. എഐസിസി കമ്മിറ്റിയുണ്ടാക്കിയാൽ അംഗീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ തുടർച്ചയായി ഭരിക്കുന്നവരെ തടയുമെന്ന കെപിസിസി പ്രഖ്യാപനത്തിന്റെ പരീക്ഷണ ശാലയായി തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുപ്പത് കൊല്ലമായി പ്രസിഡന്റ് സ്ഥാനത്ത് മമ്പറം ദിവാകരനാണ്. 5200 വോട്ടർമാരുള്ള സംഘത്തിൽ ഡയറക്ടർമാരായി എട്ടുപേരെ വീതമാണ് ഇരു പാനലി ലും മത്സരിക്കുന്നത്. ഗുണ്ടകളെയിറക്കി കെ സുധാകരൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന മമ്പറം ദിവാകരന്റെ പരാതിയെ തുടർന്ന് കർശന പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളിൽ രാവിലെ 10 മണിമുതൽ വൈകിട്ട് നാലുവരെയാണ് വോട്ടിംഗ് നടക്കുക. 200 ഓളം വോട്ടർമാരുള്ള സിപിഎം ഇതുവരെ ആരെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.