ഒമിക്രോണ്‍; രാജ്യാന്തര വിമാന സര്‍വീസുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ

 

ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ സാഹചര്യം വിലയിരുത്തി രാജ്യാന്തര വിമാന സര്‍വീസുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. നേരത്തെ രാജ്യാന്തര വിമാന സര്‍വീസിന് നല്‍കിയ ഇളവുകള്‍ പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചിരുന്നു.

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദഗ്ധരുമായും ബന്ധപ്പെട്ട മറ്റുള്ളവരുമായി ആശയവിനിമയം നടത്തുമെന്നും ഡിജിസിഎ വ്യക്തമാക്കി. രാജ്യങ്ങളെ 3 വിഭാഗമായി തിരിച്ച് വിമാനസര്‍വീസ് പുനരാരംഭിക്കാനായിരുന്നു നീക്കം. അതേസമയം വിദേശത്ത് നിന്ന് ഡൽഹിയിൽ എത്തിയ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുകെ, നെതർലാന്റ് എന്നിവിടങ്ങളിൽ നിന്ന് എത്തിയ യാത്രികർക്കാണ് രോഗം സ്ഥിരീകരിച്ചത്. വകഭേദം ഏതെന്ന് കണ്ടെത്താൻ ഇവരുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചു. നാല് പേരും ഡൽഹി എൽ എൻ ജെ പി ആശുപതിയിൽ ചികിത്സയിലാണ്. കേരളത്തിലും ജാഗ്രത തുടരുകയാണ്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ പരിശോധന കര്‍ശനമാക്കി.