മത്സ്യത്തൊഴിലാളികൾക്ക് ഹാർഡ് ഡിസ്‌ക് ലഭിച്ചു; തിരിച്ചറിയാതെ കായലിലേക്ക് എറിഞ്ഞു

 

മോഡലുകളുടെ അപകട മരണത്തിൽ ഹോട്ടലുടമ ഉപേക്ഷിച്ച ഹാർഡ് ഡിസ്ക് മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചതായി പൊലീസ്. ഇന്നലെയായിരുന്നു ഹാര്‍ഡ് ഡിസ്കെന്ന് സംശയിക്കുന്ന വസ്തു മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചത്. എന്നാല്‍ അത് കായലില്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ ഹാര്‍ഡ് ഡിസ്കിന്‍റെ ഫോട്ടോ കാണിച്ചപ്പോഴാണ് ഇത്തരത്തിലൊരു വസ്തു തന്നെയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഈ മേഖലയിൽ കോസ്റ്റ് ഗാര്‍ഡിന്‍റെ തെരച്ചിൽ തുടരുകയാണ്.

ഹാര്‍ഡ് ഡിസ്ക് കണ്ടെത്താന്‍, ആവശ്യമെങ്കില്‍ നാവിക സേനയുടെ സേവനം തേടുമെന്നാണ് പൊലീസ് പറയുന്നത്. ഹാർഡ് ഡിസ്‌ക് അധികം ദൂരേക്ക് ഒഴുകി പോകാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് കോസ്റ്റ് ഗാർഡ്. കേസില്‍, ഹോട്ടലുടമ റോയ് വയലാറ്റിനും ജീവനക്കാർക്കുമെതിരെ നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. തെളിവ് നശിപ്പിച്ചെന്ന കുറ്റം മാത്രമേ നിലവിലെ റിപോർട്ട് പ്രകാരം ചുമത്താനാകുവെന്നും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. ഹാർഡ് ഡിസ്‌ക് ഉപേക്ഷിക്കാനുപയോഗിച്ച ഇന്നോവ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.