കുഞ്ഞ് അനുപമയുടെ കൈകളിലേക്ക്

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ വിവാദ ദത്തുകേസില്‍ കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും കൈമാറി. കുട്ടിയെ വിട്ടുനൽകാൻ തിരുവനന്തപുരം കുടുംബ കോടതി ഉത്തരവിട്ടതിന് പിന്നാലെ എയ്ഡൻ അനു അജിത്ത് അമ്മയുടെ കൈകളിലെത്തി. ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.

കുട്ടിയെ ഹാജരാക്കാൻ ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ട കോടതി ഡോക്ടറെ വിളിച്ചു വരുത്തി കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കിയ ശേഷമാണ് കൈമാറ്റത്തിനുള്ള ഉത്തരവിട്ടത്. കേസ് എത്രയും പെട്ടന്ന് പരിഗണിക്കണമെന്ന് അനുപമയും, കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച് കേസ് വേഗം പരിഗണിക്കണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. കുഞ്ഞ് അനുപമയുടേതും അജിത്തിന്‍റേതുമാണെന്നുമുള്ള ഡിഎൻഎ ഫലം വന്നതാണ് കേസിൽ നിർണ്ണായകമായത്.