ആന്ധ്രപ്രദേശിൽ വെള്ളപ്പൊക്കം. ചിറ്റൂര്‍ ജില്ലയിലെ രാമചന്ദ്രപുരത്തുള്ള രായലചെരുവു അണക്കെട്ടിന്റെ നാലിടങ്ങളില്‍ വിള്ളൽ. വിള്ളല്‍ അടച്ചെങ്കിലും ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അണക്കെട്ടില്‍ നിന്ന് ജലം ഒഴുക്കിവിടുന്ന മേഖലകളിലെ 18 വില്ലേജുകളിലെ ആളുകളോട് വീടുകളിലെ അവശ്യ വസ്തുക്കളും രേഖകളും കൈവശംവെച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നാണ് റവന്യൂ വകുപ്പിന്റെ നിര്‍ദേശം.
ദുരന്തമുണ്ടായാല്‍ നേരിടുന്നതിനായി മൂന്ന് വ്യോമസേനാ ഹെലികോപ്റ്ററുകളും ദേശീയ ദുരന്ത നിവാരണ സേനയെയും സജ്ജമാക്കിയിട്ടുണ്ട്. പഴക്കം ചെന്ന അണക്കെട്ടായതിനാല്‍ തന്നെ സുരക്ഷിതത്വം കണക്കിലെടുത്താണ് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതെന്ന് ചിറ്റൂര്‍ ജില്ലാ കളക്ടര്‍ ഹരിനാരായണന്‍ അറിയിച്ചു. തിരുമലയില്‍ നിന്ന് ശക്തമായ നീരൊഴുക്കുള്ളതിനാല്‍ സ്വര്‍ണമുഖീനദി കരകവിഞ്ഞതാണ് അണക്കെട്ടുകള്‍ നിറയാന്‍ കാരണമായത്.