ബസ് ചാര്‍ജ് വര്‍ധന; ബസ് ഉടമകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ബസ് ഉടമകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം 4.30 ക്ക് തിരുവനന്തപുരത്ത് വച്ചാണ് ചര്‍ച്ച. കഴിഞ്ഞ തവണയുണ്ടായ ചര്‍ച്ചയില്‍ നിരക്ക് കൂട്ടുമെന്ന് സര്‍ക്കാര്‍ ബസ്സുടമകള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.  മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്താനും വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കാനുമായിരുന്നു ബസ് ഉടമകള്‍ ആവശ്യപ്പെട്ടത്.

നിരക്ക് വര്‍ദ്ധനവുമായി ബന്ധപ്പെട്ട നോട്ട് ഗതാഗത മന്ത്രി എല്‍ഡിഎഫ് നേതാക്കള്‍ക്ക് കൈമാറിയിരുന്നു.ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ചാണ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. രണ്ടര കിലോമീറ്ററിന് മിനിമം നിരക്ക് എട്ടില്‍ നിന്ന് പത്താക്കണമെന്ന ശുപാര്‍ശയാണ് കമ്മീഷന്‍ മുന്നോട്ട് വെച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്.