കൊച്ചിയിലെ മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട റിമാന്‍ഡ് കേസില്‍ ഗുരുതര ആരോപണങ്ങളുമായി പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ട്. നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് ആരുടെയെങ്കിലും സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്ന് അന്വേഷിക്കണം. ലഹരി ഇടപാടുകളും അന്വേഷിക്കണം. ഇത്തരം തെളിവുകള്‍ ഇല്ലാതാക്കാനായിരിക്കും ദൃശ്യങ്ങള്‍ നശിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.
ഇന്ന് പുതിയ അന്വേഷണ സംഘം കേസ് ഏറ്റെടുക്കും. പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ മേല്‍ക്കോടതിയ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. അതേസമയം, പ്രതികള്‍ നശിപ്പിച്ച ഹാര്‍ഡ് ഡിസ്‌ക്കില്‍ ഉള്‍പ്പെട്ടത് എന്താണെന്നതില്‍ ദുരൂഹതയും തുടരുകയാണ്.
ഡി ജെ പാര്‍ട്ടി നടന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിലാണ്. റൂഫ് ടോപ്പിലെ ക്യാമറയിലേക്കുള്ള വൈദ്യുതി ഉച്ചക്ക് 3.45 ന് തന്നെ വിഛേദിച്ചിരുന്നു. തെറ്റായ ഉദ്ദേശ്യത്തോടെ യുവതികളോട് ഹോട്ടലില്‍ തങ്ങാന്‍ നിര്‍ബന്ധിച്ചു. പാര്‍ട്ടിക്കിടെ റോയിയും സൈജുവുമാണ് ഇതിനായി നിര്‍ബന്ധിച്ചത്. ഹോട്ടലിന് പുറത്തിറങ്ങിയപ്പോള്‍ സൈജുവും റോയിയും ഇക്കാര്യം സംസാരിച്ചു. ഇവിടെ തന്നെ ഒരു പാര്‍ട്ടി കൂടി കൂടാം എന്ന് പറഞ്ഞു.
കാര്‍ കുണ്ടന്നൂരിലെത്തിയപ്പോള്‍ സൈജു പിന്തുടരുന്നത് കണ്ട് റഹ്‌മാന്‍ വാഹനം നിര്‍ത്തി. അവിടെ വെച്ച് ഹോട്ടലിലോ ലോഡ്ജിലോ മുറി ബുക്ക് ചെയ്യാമെന്ന് സൈജു നിര്‍ബന്ധിച്ചു. യുവതികളും സുഹുത്തുക്കളും വഴങ്ങിയില്ല. പിന്നീട് അമിത വേഗതയില്‍ ഇരുകാറുകളും ചേസ് ചെയ്തു. പലവട്ടം പരസ്പരം മറികടന്നു. ഇതോടെയാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.