കൂട്ടുപുഴപാലം നിര്‍മ്മാണപ്രവൃത്തി അവസാനഘട്ടത്തില്‍…

കേരളാ കര്‍ണ്ണാടക അതിര്‍ത്തിയില്‍ പുതുതായി നിര്‍മ്മിക്കുന്ന കൂട്ടുപുഴ പാലത്തിന്റെ നിര്‍മ്മാണപ്രവൃത്തി അവസാനഘട്ടത്തില്‍.. പാലത്തിന്റെ അവസഘട്ട ഉപരിതലവാര്‍പ്പ് ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. ശേഷിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ഡിസംബറില്‍ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

തലശ്ശേരി – വളവുപാറ കെ എസ് ടി പി റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിയുന്ന ഏഴു ഫലങ്ങളില്‍ ഒന്നാണ് കൂട്ടുപുഴ പാലം. ഇതില്‍ കൂട്ടുപുഴയും എരഞ്ഞോളി പാലവും ഒഴികെയുള്ള ബാക്കി പാലങ്ങള്‍ പ്രവര്‍ത്തി കഴിഞ്ഞ് മാസങ്ങള്‍ക്കു മുന്‍പേ തുറന്നു കൊടുത്തിരുന്നു. അഞ്ച് സ്പാനുകളുള്ള പാലത്തിന്റെ കൂട്ടുപുഴ പാലത്തെ കര്‍ണ്ണാടകത്തിലെ റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ സ്പാനിന്റെ മേല്‍ത്തട്ട് വാര്‍പ്പ് പ്രവര്‍ത്തിയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

2017 ല്‍ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ച കൂട്ടുപുഴ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി കര്‍ണ്ണാടക വനം വകുപ്പ് അധികൃതരുടെ തടസ്സവാദങ്ങള്‍ മൂലം മൂന്ന് വര്‍ഷത്തോളം നിലച്ചിരുന്നു. തടസ്സങ്ങള്‍ നീക്കി പണി പുനരാരംഭിച്ചെങ്കിലും കോവിഡ് വ്യാപനംമൂലം വീണ്ടും തടസ്സപ്പെട്ടു. എന്നാല്‍ നിലവിലുള്ള തൊഴിലാളികളെ വെച്ച് തുടര്‍ന്ന പ്രവര്‍ത്തിയാണിപ്പോള്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്.