കര്‍ഷകര്‍ക്കുമുന്നില്‍ മുട്ടുമടക്കി കേന്ദ്രം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കര്‍ഷകര്‍ക്കുമുന്നില്‍ മുട്ടുമടക്കി കേന്ദ്രം. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു കര്‍ഷകനും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് തീരുമാനമെന്നും എതിര്‍പ്പുയര്‍ന്ന 3 നിയമങ്ങളും പിന്‍വലിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.

കര്‍ഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കര്‍ഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുരുനാനാക്ക് ദിനത്തിലാണ് നിര്‍ണായക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ചര്‍ച്ച ചെയ്യും.

അതേസമയം, കര്‍ഷക സമരം നടത്തിവന്ന സംഘടനകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ആത്മാര്‍ത്ഥമായി കൊണ്ടുവന്ന നിയമങ്ങള്‍ ഒരു വിഭാഗം കര്‍ഷകരില്‍ അതൃപ്തിയുണ്ടാക്കി. കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ തനിക്കറിയാം. അതുകൊണ്ടാണ് നിയമം കൊണ്ടുവന്നത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കണമെന്നായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ചെറുകിട കര്‍ഷകരെ ലക്ഷ്യം വച്ചായിരുന്നു നിയമം. ശാസ്ത്രീയമായി മണ്ഡികളുടെ പ്രവര്‍ത്തനം ക്രമീകരിക്കാനായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍, ഇത് മനസ്സിലാക്കാന്‍ ഒരു വിഭാഗം കര്‍ഷകര്‍ തയ്യാറായില്ല. അവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരം സംഘടിപ്പിച്ചു. സമരത്തെ ദീര്‍ഘമായി നീട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. അവരെ ബോധ്യപ്പെടുത്താന്‍ ഏറെ ശ്രമിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു.