ആധാര്‍ കാര്‍ഡിലെ പഴയ ഫോട്ടോ മാറ്റി പുതിയതാക്കണോ..? എന്നാല്‍ ചെയ്യേണ്ടത് ഇത്രമാത്രം…

മിക്കവരും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചതിനാല്‍ നിലവിലുള്ള ഫോട്ടോ ഇപ്പോഴുള്ളതു പോലെയല്ല. അങ്ങനെയുള്ളവര്‍ക്ക് കുറച്ച് ലളിതമായ ഘട്ടങ്ങള്‍ പാലിച്ചുകൊണ്ട് പുതിയ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യാമെന്നാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വ്യക്തമാക്കുന്നത്.

ആധാര്‍ കാര്‍ഡുകള്‍ നല്‍കുകയും എല്ലാ എഡിറ്റ് അഭ്യര്‍ത്ഥനകളും പരിപാലിക്കുകയും ചെയ്യുന്ന അതേ ഏജന്‍സിയാണ് യുഐഡിഎഐ. നിരവധി സേവനങ്ങള്‍ ലഭിക്കുന്നതിനും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാനും ആധാര്‍ ആവശ്യമാണ്. ആധാര്‍ കാര്‍ഡിലെ നിങ്ങളുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ മറ്റ് വിശദാംശങ്ങള്‍ എന്നിവയും മാറ്റാന്‍ കഴിയും. അപ്‌ഡേറ്റുകള്‍ക്കായി അപേക്ഷിക്കുന്നതിന് കാര്‍ഡ് ഉടമകള്‍ അടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് സെന്ററോ ആധാര്‍ സേവാ കേന്ദ്രമോ സന്ദര്‍ശിച്ച് മാറ്റം വരുത്താവുന്നതാണ്.

ഇനി നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യുന്നതിന് പിന്തുടരേണ്ട കാര്യങ്ങള്‍:

1. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.

2: പോര്‍ട്ടലില്‍ നിന്ന് ആധാര്‍ എന്റോള്‍മെന്റ് ഫോം ഡൗണ്‍ലോഡ് ചെയ്യുക.

3. ഫോമില്‍ ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക. ഫോട്ടോ മാറ്റുന്നതിന് ആവശ്യമായ പ്രസക്ത ഭാഗങ്ങള്‍ മാത്രം പൂരിപ്പിക്കുക.

4: നിങ്ങള്‍ക്ക് അടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രത്തില്‍ ഫോം സമര്‍പ്പിക്കാം.

5. ബയോമെട്രിക് പരിശോധനയിലൂടെ എക്സിക്യൂട്ടീവ് നിങ്ങളുടെ വിശദാംശങ്ങള്‍ സ്ഥിരീകരിക്കും.

6. ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍/ ആധാര്‍ സേവാ കേന്ദ്രത്തില്‍ വെച്ച് എക്സിക്യൂട്ടീവ് നിങ്ങളുടെ പുതിയ ഫോട്ടോ എടുക്കും.

7. ഫോട്ടോ മാറ്റുന്ന സേവനത്തിന് നിങ്ങള്‍ 25 രൂപ + ജിഎസ്ടി ഫീസ് അടയ്‌ക്കേണ്ടി വരും.

8. അപ്‌ഡേറ്റ് അഭ്യര്‍ത്ഥന നമ്പര്‍ ഉള്ള ഒരു അംഗീകാര സ്ലിപ്പും നിങ്ങള്‍ക്ക് ലഭിക്കും.

9. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ സ്റ്റാറ്റസ് പരിശോധിക്കാന്‍ യുആര്‍എന്‍ ഉപയോഗിക്കുക.