കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം; 2 കോണ്‍ഗ്രസ് നേതാക്കളെ സസ്പെന്‍ഡ് ചെയ്തു

കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോണ്‍ഗ്രസ് നേതാക്കളെ സസ്പെന്‍ഡ് ചെയ്തു.അരക്കിണര്‍ മണ്ഡലം പ്രസിഡന്റ് രാജീവന്‍ തിരുവച്ചിറ, ചേവായൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. പ്രശാന്ത് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ആക്രമണത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഡിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഇന്ന് ശുപാര്‍ശ ചെയ്തിരുന്നു. കെപിസിസി നിര്‍ദ്ദേശ പ്രകാരമാണ് കമ്മിഷനെ നിയോഗിച്ചത്.മുന്‍ ഡിസിസി പ്രസിഡണ്ട് യു. രാജീവന്‍ പരസ്യമായി മാപ്പ് പറയാന്‍ കെപിസിസി ആവശ്യപ്പെട്ടു.ഫറോക്ക് ബ്ലോക്ക് പ്രസിഡന്റിനെ പരസ്യമായി ശാസിക്കും.

കോഴിക്കോട് എ ഗ്രൂപ്പിന്റെ രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിലാണ് നടപടി. മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവന്റെ നേതൃത്വത്തിലായിരുന്നു യോഗം. ആക്രമണത്തില്‍ 20 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തില്‍ ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ മാധ്യമങ്ങളോട് ക്ഷമ ചോദിച്ചിരുന്നു.