കുഞ്ഞ് അനുപമയുടെ കൈകളിലേക്ക്…

അനുപമയുടെ കുഞ്ഞിനെ അഞ്ചു ദിവസത്തിനുള്ളില്‍ തിരികെയെത്തിക്കണമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതിയ്ക്ക് സിഡബ്ല്യുസി നിര്‍ദേശം നല്‍കി.

നിലവില്‍ ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍ക്കൊപ്പമാണ് കുട്ടിയുള്ളത്. കുഞ്ഞിനെ നാട്ടിലെത്തിച്ച ശേഷം ഡി.എന്‍.എ. ടെസ്റ്റ് ഉള്‍പ്പടെ നടത്തിയതിന് ശേഷമായിരിക്കും അനുപമയ്ക്ക് വിട്ടുകൊടുക്കുക. കുഞ്ഞിനെ കൊണ്ടുവരുന്നതിന് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഉത്തരവുണ്ട്.

അതേസമയം, കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനായി അനുപമ ശിശുക്ഷേമ സമിതി ഓഫിസിനു മുന്നില്‍ സമരം തുടരുകയാണ്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും വരെ സമരം തുടരുമെന്നും അനുപമ പറഞ്ഞു. നടപടിയില്‍ സന്തോഷമുണ്ട്. ഉത്തരവ് കയ്യില്‍ കിട്ടിയാല്‍ മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കൂ. രാവിലെ പതിനൊന്ന് മണിക്ക് സിഡബ്‌ള്യുസി ഓഫീസില്‍ എത്താന്‍ പറഞ്ഞിട്ടുണ്ട്. നിലവില്‍ സമരം നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.