വസ്ത്രത്തോടെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുന്നത് ലൈംഗികാതിക്രമമല്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

വസ്ത്രത്തോടെ മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ പോക്‌സോ നിലനില്‍ക്കില്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് യു.യു ലളിത്, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്. ശരീരഭാഗങ്ങള്‍ സ്പര്‍ശിക്കാതെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ തൊടുന്നതും ലൈംഗിക അതിക്രമം തന്നെയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ബോംബെ ഹൈകോടതിയെ രൂക്ഷമായി വിമര്‍ശിച്ചാണ് സുപ്രീംകോടതി ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്

വസ്ത്രം മാറ്റാതെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുന്നത് പോക്‌സോ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാവില്ലെന്നും പാക്‌സോ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണമെന്നുമായിരുന്നു ബോംബെ ഹൈകോടതിയുടെ വിധി.31 വയസ്സായ ഒരാള്‍ 12 വയസ്സുള്ള ഒരു കുട്ടിയുടെ മാറിടത്തില്‍ കയറിപ്പിടിച്ച കേസില്‍ വിധി പറഞ്ഞ പുഷ്പ ഗനേഡിവാലയുടെ സിംഗിള്‍ ബഞ്ചിന്റേതായിരുന്നു വിവാദ പരാമര്‍ശം.പ്രതിയെ പോക്‌സോ കേസ് ചുമത്താതെ, ലൈംഗികാതിക്രമം എന്ന കുറഞ്ഞ വകുപ്പ് ചുമത്തി ഒരു വര്‍ഷത്തെ തടവുശിക്ഷക്കാണ് ജഡ്ജി വിധിച്ചിരുന്നത്.