ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചുവെന്ന പരാതിയില്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി.ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ.ജെ.ആര്‍ കുമാറിന്റെ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. മറ്റ് മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഹരജിയില്‍ പറയുന്നു.ദേവസ്വം ബോര്‍ഡ് ശബരിമലയിലേക്ക് ശര്‍ക്കര വാങ്ങുന്നത് സ്വകാര്യ കമ്പനികളില്‍ നിന്നാണ്. ഹലാല്‍ മുദ്ര പതിപ്പിച്ച ശര്‍ക്കര പാക്കറ്റുകളാണ് പമ്പയിലും സന്നിധാനത്തുമുള്ള ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. അരവണ പ്രസാദത്തിന് പുറമെ ഉണ്ണിയപ്പം ഉണ്ടാക്കാനും ഇതേ ശര്‍ക്കരയാണ് ഉപയോഗിക്കുന്നത്.
സ്വകാര്യ കമ്പനിക്കാണ് ശര്‍ക്കര എത്തിക്കുന്നതിനുള്ള ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കരാര്‍ ഏറ്റെടുത്തിരുന്ന അതേ സ്വകാര്യ കമ്പനി തന്നെയാണ് ഈ വര്‍ഷവും ടെന്‍ഡര്‍ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഉപയോഗിക്കാതെ ബാക്കി വന്ന ഹലാല്‍ മുദ്ര പതിപ്പിച്ച പഴകിയ ശര്‍ക്കര ദേവസ്വം ബോര്‍ഡ് ലേലത്തിലൂടെ മറിച്ച് വിറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ശബരിമലയില്‍ അരവണ പ്രസാദത്തിന് ഉപയോഗിക്കുന്നതിനായി എത്തിച്ചിരിക്കുന്നത് ഹലാല്‍ മുദ്ര പതിപ്പിച്ച ശര്‍ക്കര പാക്കറ്റുകള്‍ ആണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സംഘടനകളും രംഗത്ത് വന്നിരുന്നു.