കോണ്‍ഗ്രസ്സ് പുനഃസംഘടനയിലെ അതൃപ്തി അറിയിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദില്ലിയില്‍ സോണിയാ ഗാന്ധിയുമായി കൂടികാഴ്ച്ച നടത്തി. പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന് കൂടിക്കാഴ്ചയില്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. സംഘടന തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടന പാടില്ലെന്ന നിലപാടിലാണ് എ ഐ ഗ്രൂപ്പുകള്‍.
അതിനിടെ അതൃപ്തിയുള്ള നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും പുനഃസംഘടന നടത്താതിരുന്നാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുമെന്നും അതിന് താല്‍പര്യപ്പെടുന്നില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി. പാര്‍ട്ടി പുന:സംഘടന നടത്തുമെന്നാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാട്. ഇവര്‍ക്കൊപ്പം ഉള്ളവരാണ് ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ദേശീയ നേതൃത്വത്തെ സമീപിച്ചതെന്നാണ് ഗ്രൂപ്പുകള്‍ പറയുന്നത്.
അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലടെയും നീക്കം പാര്‍ട്ടിയെ തകര്‍ക്കാനെന്ന് പരാതി. പുന:സംഘടനക്കെതിരായ നീക്കത്തില്‍ നിന്ന് ഇരുവരെയും പിന്തിരിപ്പിക്കണമെന്ന് പരാതിക്കാര്‍ ഹൈക്കമാണ്ടിനോട് ആവശ്യപ്പെട്ടു. മ്മന്‍ ചാണ്ടിയും ചെന്നിത്തലയും തലമുറ മാറ്റത്തെ എതിര്‍ക്കുന്നത് മക്കള്‍ക്ക് വേണ്ടിയാണെന്നും ഒരു വിഭഗം നേതാക്കള്‍ സോണിയാ ഗാന്ധിക്ക് നല്‍കിയ കത്തില്‍ പറയുന്നുണ്ട്.