നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമായില്ലെന്ന പരാതിയിൽ പാർട്ടി പരസ്യശാസന നടത്തി ശിക്ഷിച്ച മുതിർന്ന നേതാവ് ജി സുധാകരനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ . സിപിഎമ്മിന് അവഗണിക്കാനാകാത്ത ജന നേതാവാണ് ജി സുധാകരൻ. എ എം ആരിഫ് എംപി അടക്കം അവസരം മുതലെടുത്ത് ചവിട്ടി മെതിക്കാൻ നോക്കുകയാണെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു. സ്കൂൾ ഉദ്ഘാടന ചടങ്ങിൽ നിന്ന് ജി സുധാകരനെ ഒഴിവാക്കിയത് അനൗചിത്യമാണ്. ജി സുധാകരനെ വെട്ടിവീഴ്ത്താൻ ശ്രമിക്കുന്നതിന് പിന്നിൽ വിഭാഗീയതയെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
ജി സുധാകരനെ പുകഴ്ത്തി അമ്പലപ്പുഴ എംഎൽഎ എച്ച് സലാമും രംഗത്തെത്തിയിരുന്നു. മാധ്യമ പരിലാളനയിൽ വളർന്ന നേതാവല്ല ജി സുധാകരനെന്നും സുധാകരനെയും തന്നെയും താരതമ്യപ്പെടുത്തരുതെന്നും എച്ച് സലാം പറഞ്ഞു. നല്ലകാര്യം നടക്കുമ്പോൾ വാർത്ത നൽകി ജി സുധാകരനെ ചുരുക്കി കാണിക്കരുത്. അതു ശരിയല്ല. എംഎൽഎ എന്ന നിലയിൽ സുധാകരൻ മാതൃകയാണ്. മഹാനായ നേതാവാണ്. അദ്ദേഹത്തെ ചുരുക്കിക്കാണിക്കരുത്. താൻ സുധാകരനെക്കാൾ താഴെ നിൽക്കുന്ന ആളാണെന്നും അമ്പലപ്പുഴയിൽ സുധാകരൻ്റെ പിൻഗാമിയായി ജയിച്ച് എംഎൽഎയായ എച്ച് സലാം പറഞ്ഞു