സംസ്ഥാനത്ത് പുതുതായി 175 മദ്യവില്‍പന ശാലകള്‍ ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍

 

സംസ്ഥാനത്ത് പുതുതായി 175 മദ്യവില്‍പന ശാലകള്‍ ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ബെവ്‌കോയുടെ ശുപാര്‍ശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.ബെവ്‌കോ ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം സംബന്ധിച്ച് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകകയായിരുന്നു കോടതി.

ഈ ഘട്ടത്തിലാണ് മദ്യവില്‍പ്പന ശാലകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള ബെവ്‌കോയുടെ ശ്രമങ്ങള്‍ സംബന്ധിച്ച് അഭിഭാഷകന്‍ വിശദീകരിച്ചത്.വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന കോടതിയുടെ നിര്‍ദേശവും സജീവ പരിഗണനയിലാണെന്ന് അഭിഭാഷകന്‍ അറിയിച്ചു.നിലവില്‍ സംസ്ഥാനത്തെ ഒട്ടേറെ മദ്യവില്‍പനശാലകളില്‍ വാക്ക് ഇന്‍ സൗകര്യമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.കേസ് മറ്റൊരു ദിവസം പരിഗണിക്കാനായി മാറ്റി.