രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ എല്‍ഡിഎഫ് യോഗ തീരുമാനം. ജോസ് കെ മാണി രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റാണ് കേരള കോണ്‍ഗ്രസിന് തന്നെ നല്‍കാന്‍ ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായത്. രാജ്യ സഭയിലേത്ത് ജോസ് കെ മാണി തന്നെ മത്സരിച്ചേക്കുമെന്നാണ് സൂചന. സിപിഐഎമ്മും ജോസ് കെ മാണി മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ട് വര്‍ഷം മാത്രമേ കാലാവധി ഉള്ളതിനാല്‍ ജോസ് രാജ്യസഭയിലേക്ക് പോണമെന്ന് കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു.
നിലവില്‍ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ഒപ്പം ആറ് ബോര്‍ഡ് കോര്‍പ്പറേഷന്‍ പദവിയും കേരളാ കോണ്‍ഗ്രസിനുണ്ട്. ഇതോടൊപ്പമാണ് രാജ്യസഭാ സീറ്റും കേരളാ കോണ്‍ഗ്രസിന് ലഭിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് വൈകുകയായിരുന്നു. ഈ മാസം 29 നാണ് തെരഞ്ഞെടുപ്പ് നടക്കുക.എല്‍ഡിഎഫില്‍ എത്തിയതിനെ തുടര്‍ന്ന് ജനുവരി 11 നാണ് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചത്.