ചക്രസ്തംഭന സമരത്തിന് ഐക്യദാര്‍ഢ്യവുമായി സൈക്കിള് ചവിട്ടി എം വിന്‍സെന്റ് എംഎല്‍എ നിയമസഭയില്‍

കോണ്‍ഗ്രസ് നടത്തുന്ന ചക്രസ്തംഭന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം വിന്‍സെന്റ് എംഎല്‍എ. ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയായിരുന്നു ഔദ്യോഗിക വാഹനം ഒഴിവാക്കി നിയമസഭയില്‍ സൈക്കിള് ചവിട്ടിയെത്തിയത്.

ഇന്നു രാവിലെ 11 മുതല്‍ 11.15 വരെയാണ് ചക്രസ്തംഭന സമരം. ഗതാഗതക്കുരുക്കിന് ഇടയാക്കരുതെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും കെപിസിസി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെയായിരിക്കും സമരം. ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസികളുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിക്കും.

അതേസമയം, കേരളത്തെ കൂടാതെ മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ വില കുറക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ്. പെട്രോളിന് അഞ്ചും ഡീസലിന് പത്തും രൂപ നികുതി കുറച്ച കേന്ദ്രം എല്ലാ സംസ്ഥാനങ്ങളും വില കുറക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് എന്‍ഡിഎ ഭരിക്കുന്ന പതിനേഴ് സംസ്ഥാനങ്ങളില്‍ വില കുറച്ചു. ഒഡീഷ, പഞ്ചാബ് സംസ്ഥാനങ്ങളും ജമ്മു കശ്മീര്‍, ചണ്ഡീഗഡ്, ലഡാക്ക്, പുതുച്ചേരി, ലക്ഷദ്വീപ്, ദാദ്രാനഗര്‍ ഹവേലി, ദാമന്‍ ദിയു എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും വില കുറച്ചു.