100 കോടിയുടെ തട്ടിപ്പ്; കണ്ണൂരില്‍ 4 പേര്‍ അറസ്റ്റില്‍

ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ കണ്ണൂരില്‍ നൂറ് കോടി രൂപയുടെ തട്ടിപ്പ്. ബെംഗളൂരു ആസ്ഥാനമായ കമ്പനിയുടെ പേരില്‍ നടത്തിയ തട്ടിപ്പിലാണ് നാല് പേര്‍ അറസ്റ്റിലായത്. ക്രിപ്‌റ്റോ കറന്‍സിയായ മോറിസ് കോയിന്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ആളുകളെയാണ് സംഘം കബളിപ്പിച്ചത്.

മുഹമ്മദ് റിയാസ്, വസീം മുനവറലി, ഷെഫീഖ് സി, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് അറസ്റ്റിലായത്. ആയിരത്തിലധികം പേര്‍ പറ്റിക്കപ്പെട്ടു. നൂറ് കോടി രൂപയോളം ഇവര്‍ തട്ടിയെടുത്താണ് പ്രാഥമിക വിവരം. കണ്ണൂര്‍ സിറ്റി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നാല് പേര്‍ പിടിയിലായത്.

വിവിധ ബാങ്കുകളിലായി ഇവര്‍ നിക്ഷേപിച്ച 42 കോടി രൂപ പോലീസ് മരവിപ്പിച്ചിട്ടുണ്ട്. പിടിയിലായവരുടെ പേരില്‍ 107 കോടിയുടെ നിക്ഷേപമാണുണ്ടായിരുന്നത്. 60 കോടി 30കോടി ,10 കോടി,7 കോടി എന്നിങ്ങനെയാണ് ബാങ്കില്‍ നിന്ന് കണ്ടെത്തിയ നിക്ഷേപം. മുമ്പ് മലപ്പുറത്ത് സമാനമായ നിക്ഷേപ തട്ടിപ്പ് നടന്നിരുന്നു. ഈ കേസില്‍ അറസ്റ്റിലായ നൗഷാദില്‍ നിന്നാണ് ക്രൈംബ്രാഞ്ചിന് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്. ഇതിനിടെയാണ് കണ്ണൂര്‍ സിറ്റി സ്വദേശിയായ യുവാവിന്റെ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തത്. പണം തിരിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് സിറ്റി പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയിലാണ് നാലുപേരും പിടിയിലായത്. സംസ്ഥാനത്തിനകത്തും പുറത്തും വ്യാപിച്ചുകിടക്കുന്ന വന്‍ ശൃംഖലയാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.