സ്വപ്ന പുറത്തിറങ്ങി : ജയിൽ മോചിതയായത് ഒന്നേകാൽ വർഷത്തിനു ശേഷം .

കേരളരാഷ്ട്രീയത്തില്‍ ഏറെ വിവാദമായ സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച ഒന്നാം പ്രതി സ്വപ്ന സുരേഷ് ജയിൽ മോചിതയായി. സ്വപ്നയുടെ അമ്മ പ്രഭ രാവിലെ ജയിലിലെത്തി ജാമ്യ ഉത്തരവും ജയിൽ രേഖകളും സൂപ്രണ്ടിനു കൈമാറി അര മണിക്കൂര്‍ നേരത്തെ ജയില്‍ നടപടികള്‍ക്ക് ശേഷമാണ് സ്വപ്ന മോചിതയായത്.

25 ലക്ഷം രൂപയും രണ്ട് ആൾ ജാമ്യവുമാണ് പ്രധാന ജാമ്യ വ്യവസ്ഥ. ഇത് ഹാജരാക്കിയ ശേഷമാണ് സ്വപ്ന പുറത്തിറങ്ങിയത്.എൻ ഐ എ കേസിലും ജാമ്യം ലഭിച്ചതോടെയാണ് സ്വപ്ന പുറത്തിറങ്ങിയത്. മറ്റ് 5 കേസുകളിലും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ജാമ്യവ്യവസ്ഥകള്‍ ഹാജരാക്കാന്‍ വൈകിയതിനാല്‍ജാമ്യം ലഭിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ജയില്‍ മോചിതയായത്. ഒരു വര്‍ഷവും മൂന്ന് മാസത്തെയും ജയില്‍ വാസത്തിന് ശേഷമാണ് സ്വപ്ന പുറത്തിറങ്ങിയത്.

എൻ.ഐ.എ. രാജ്യത്ത് രജിസ്റ്റർ ചെയ്ത ആദ്യത്തെ സ്വർണക്കടത്ത് കേസായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ളത്.2020 ജൂലൈ 5ന് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലേക്ക് വന്ന 15 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്. രാജ്യ വ്യാപകമായി തന്നെ വളരെ വലിയ രീതിയിൽ ഈ കേസ് ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒന്നാം പിണറായി സർക്കാരിനെതിരെ ഉള്ള വലിയ വെല്ലുവിളി കൂടിയായിരുന്നു ഈ കേസ്.