കേന്ദ്രത്തിന്റേത് പോക്കറ്റടിക്കാരന്റെ ന്യായം : സംസ്ഥാന ധനകാര്യമന്ത്രി

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്ര സർക്കാർ നടപടി പോക്കറ്റടിക്കാരന്റെ ന്യായം മാത്രമെന്ന് സംസ്ഥാന ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. ഇന്ധന നികുതിയിൽ നിന്നുള്ള വരുമാനം വെച്ചാണ് സംസ്ഥാനം പെൻഷനും ശമ്പളവുമടക്കമുള്ള ചെലവുകൾക്ക് പണം കണ്ടെത്തുന്നത്. നികുതി കുറയ്ക്കാനാവില്ലെന്നും കേരളം ആറ് വർഷത്തിനിടെ നികുതി വർധിപ്പിച്ചിട്ടില്ലെന്നും പറഞ്ഞ മന്ത്രി കൂട്ടിയ നികുതിയാണ് മറ്റ് സംസ്ഥാനങ്ങൾ കുറയ്ക്കുന്നതെന്നും കുറ്റപ്പെടുത്തി.

പോക്കറ്റിലെ കാശ് മുഴുവൻ തട്ടിപ്പറിച്ച് വണ്ടിക്കൂലി തരുന്ന പോക്കറ്റടിക്കാരന്റെ ന്യായമാണ് കേന്ദ്ര സർക്കാരിന്റേതെന്നും അദ്ദേഹം വിമർശിച്ചു. കേരളം ആനുപാതികമായി വില കുറച്ചിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി കാണണം. ഇപ്പോൾ കേന്ദ്രം കുറച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് വില കുറയ്ക്കാനാകില്ലെന്ന് കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി.

മുഖം മിനുക്കാനുള്ള പരിപാടിയാണ് ഇപ്പോൾ കേന്ദ്രത്തിന്റേത്. കഴിഞ്ഞ ആറ് വർഷത്തിൽ കേരളം നികുതി കൂട്ടിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങൾ കുറച്ചതിന്റെ കണക്ക് എടുത്തതിന് ശേഷം അതിൽ മറുപടി പറയാം. അർഹമായ വിഹിതം കേന്ദ്രം തരേണ്ടയിരുന്നു. നയപരമായ വിഷയമാണ്, കൂടുതൽ ചർച്ചകൾക്ക് ശേഷം കൂടുതൽ പറയാം. മറ്റ് സംസ്ഥാനങ്ങൾ നികുതി കൂട്ടിയത് പോലെ കേരളം കൂടിയിട്ടില്ലെന്ന് പറഞ്ഞ മന്ത്രി കൂട്ടിയ നികുതിയാണ് മറ്റ് സംസ്ഥാനങ്ങൾ കുറച്ചതെന്നും  വ്യക്തമാക്കി.