ബിജെപി കോര്‍കമ്മറ്റി യോഗത്തില്‍ നിന്നും വിട്ടുനിന്ന് നേതാക്കള്‍; ശോഭാ സുരേന്ദ്രന്‍, പികെ കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുക്കില്ല

ബിജെപി കോര്‍കമ്മറ്റി യോഗത്തില്‍ നിന്നും വിട്ടുനിന്ന് ഒരു വിഭാഗം നേതാക്കള്‍. പികെ കൃഷ്ണദാസ്, എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരാണ് ഇന്നും നാളെയുമായി നടക്കുന്ന യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.ബിജെപി സംസ്ഥാന നേതൃത്വം പുന:സംഘടിപ്പിച്ചതിന് പിന്നാലെ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ തന്നെ അതൃപ്തിയുണ്ടായ സാഹചര്യത്തിലാണ് ചില നേതാക്കള്‍ കോര്‍കമ്മിറ്റി യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.

നേരത്തെ ബിജെപിയുടെ ചാനല്‍ ചര്‍ച്ചാ പാനലിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നും പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, എം എസ് കുമാര്‍ തുടങ്ങിയ നേതാക്കള്‍ പുറത്തുപോയിരുന്നു. തുടര്‍ന്ന് അച്ചടക്ക ലംഘനത്തിന് കടുത്ത നടപടി ഉണ്ടാകുമെന്ന് കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടിയും വന്നു.പിന്നാലെയാണ് കോര്‍കമ്മിറ്റി യോഗത്തില്‍ നിന്നും ഇപ്പോള്‍ നേതാക്കള്‍ വിട്ടുനില്‍ക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ താഴെ തട്ടില്‍ സമഗ്രമായ അഴിച്ചു പണി നടത്തുമെന്നും സൂചനയുണ്ട്. പ്രഭാരി മാര്‍, ബൂത്ത് തല ഇന്‍ ചാര്‍ജുമാര്‍ എന്നിവര്‍ക്കും മാറ്റം വരുത്തിയേക്കും.സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ കേരള പ്രഭാരി സിപി രാധാകൃഷ്ണന്‍ പങ്കെടുക്കുന്നുണ്ട്.