താന്‍ ഷോ കാണിക്കാന്‍ വന്നതല്ല; രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുന്നു; കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് ജോജു ജോര്‍ജ്ജ്

രാജ്യത്തെ നിരന്തരമായ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെ പ്രതിഷേധിച്ച് നടന്‍ ജോജു ജോര്‍ജ്ജ്. ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. ഇന്ധനവില വര്‍ധനവിനെതിരെ വൈറ്റിലയിലായിരുന്നു കോണ്‍ഗ്രസ് ഗതാഗതം തടസപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചത്.

വാഹനത്തില്‍ നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി. ഇത് വാക്കേറ്റത്തിനും ഇടയാക്കി. പ്രതിഷേധിച്ചതിന് പിന്നാലെ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് സമരക്കാര്‍ അടിച്ചുതകര്‍ത്തു. എന്നാല്‍ താന്‍ സമരത്തിന് എതിരല്ലെന്നും എന്നാല്‍ രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും സാധാരണക്കാരനെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്താണ് അവര്‍ നേടുന്നതെന്നും ജോജു ചോദിച്ചു.

നൂറ് കണക്കിന് വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിക്കിടക്കുന്നത്.ആശുപത്രി ആവശ്യങ്ങള്‍ക്കായി പോവുന്നവരടക്കം മണിക്കൂറുകളായി റോഡില്‍ കുടുങ്ങികിടക്കുകയായിരുന്നു.വൈറ്റില മുതല്‍ ഇടപ്പള്ളി വരെയാണ് ഗതാഗതം തടസ്സപ്പെട്ടത്.