ജോജു ബഹളമുണ്ടാക്കിയത് മദ്യപിച്ചാണെന്ന് കോണ്‍ഗ്രസ്സ്; ജോജു ജോര്‍ജിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് ഡിസിപി

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് നടത്തിയ ഉപരോധസമരത്തിനിടെ ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയതാണെന്ന് ജില്ലാ കോണ്‍ഗ്രസ്സ്. ജോജു വനിതാ പ്രവര്‍ത്തകരെ അധിക്ഷേപിച്ചെന്നും മഹിള കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷയെ കയറിപ്പിടിച്ചെന്നും എറണാകുളം ഡി.സി.സി പ്രസിഡന്റ് ഷിയാസ് ആരോപിച്ചു. വിഷയത്തില്‍ പൊലീസിന് പരാതി നല്‍കി.

്അതേസമയം നടന്‍ ജോജു ജോര്‍ജിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് ഡിസിപി ഐശ്വര്യ ഡോങ്ക്‌റെ. ജോജു മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയായിരുന്നു എന്ന മുഹമ്മദ് ഷിയാസിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം. ജോജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് വിവരം.

ഇന്ധന വിലവര്‍ധനവിനെതിരെ ഇന്ന് എറണാകുളത്ത് നടത്തിയ റോഡ് ഉപരോധ സമരത്തിനിടയിലാണ് പ്രതിഷേധവുമായി നടന്‍ ജോജു രംഗത്തെത്തിയത്. 2 മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടതിനെ തുടര്‍ന്ന് സാധാരണക്കാരെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നതെന്നും മര്യാദ വേണ്ടേയെന്നും ജോജു ജോര്‍ജ്ജ് പ്രതികരിച്ചു. പൊലീസ് അധികാരികളെ കൃത്യമായി അറിയച്ചതിന് ശേഷമാണ് പ്രതിഷേധം നടത്തിയതെന്നും സാധാരണ സമരത്തിനുണ്ടാകുന്ന ഗതാഗത തിരക്ക് മാത്രമാണുണ്ടായതെും ഷിയാസ് പറഞ്ഞു.