തിയെറ്ററിലേക്കില്ല; മരക്കാര്‍ റിലീസ് ഒടിടി യില്‍ തന്നെ

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’. മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ തിയറ്റര്‍ റിലീസിനില്ല. ഫിലിം ചേംബര്‍ ഭാരവാഹികളും ഫിയോക്കും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് മരക്കാര്‍ ഒടിടിയില്‍ തന്നെ റിലീസ് ചെയ്യാമെന്ന തീരുമാനം എടുത്തത്. നേരത്തേ മരക്കാര്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഫിയോക് പറഞ്ഞിരുന്നു.

 

തിയറ്ററുകളുടെ ഭാഗത്ത് നിന്ന് ആവശ്യമായ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാണെന്നും കേരളത്തിന്റെ സിനിമയായി മരക്കാര്‍ ഏറ്റെടുക്കാനാണ് തീരുമാനമെന്നും കൊച്ചിയിലെ യോഗത്തിന് ശേഷം ഫിയോക് ഭാരവാഹികള്‍ പറഞ്ഞിരുന്നു.തിയറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരമാണ് വിഷയത്തില്‍ ഫിലിം ചേമ്പര്‍ ഇടപെട്ടത്.

രണ്ട് ദിവസം മുമ്പ് മരക്കാര്‍ ഡയറക്റ്റ് ഒടിടി റിലീസിന് പരിഗണിക്കുന്നുവെന്ന് ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.ആമസോണ്‍ പ്രൈമും ആയി ചര്‍ച്ച നടത്തിയെന്നും ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടായേക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. 50% സീറ്റിങ് കപ്പാസിറ്റി വച്ച് റിലീസ് ചെയ്താല്‍ ലാഭകരമാകുമോ എന്നതിലാണ് ആശങ്ക.

 

മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ 2020 മാര്‍ച്ച് 26ന് എത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ റിലീസ്, കൊവിഡ് കാരണത്താല്‍ പലവട്ടം മാറ്റിവെക്കേണ്ടിവന്നിരുന്നു. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയ ഒന്നാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.