ഇന്ന് തന്നെ ജയില്‍ മോചിതനാകും; താഹ ഫസലിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് കൊച്ചി എന്‍ഐഎ കോടതി

പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് കൊച്ചി എന്‍ഐഎ കോടതി. കഴിഞ്ഞ ദിവസമാണ് താഹ ഫസലിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ കോടതിയുടെ നടപടി.വീഡിയോ കോണ്‍ഫ്രന്‍സിംഗ് വഴിയാണ് ത്വാഹയെ കോടതിയില്‍ ഹാജരാക്കിയത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം വൈകിട്ടായിരിക്കും വിയ്യൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുക.

സുപ്രിംകോടതിയുടെ നടപടി എന്‍ ഐ എയ്ക്ക് വലിയ തിരിച്ചടിയാണ്. ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കുമെന്നതടക്കമുള്ള വാദങ്ങള്‍ എന്‍ ഐ എ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ വാദങ്ങള്‍ കോടതി അംഗീകരിച്ചിരുന്നില്ല. പ്രതികളുടെ പ്രായം ,വിദ്യാഭ്യാസ സാഹചര്യങ്ങള്‍ തുടങ്ങിയങ്ങിയവ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എ ആവശ്യവും സുപ്രിംകോടതി തള്ളിയിരുന്നു.അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന ഘട്ടത്തില്‍ ഹാജരാകണമെന്ന നിര്‍ദേശവും സുപ്രിംകോടതി നല്‍കിയിരുന്നു.