ബിനീഷ് കോടിയേരിക്ക് ജാമ്യം

ബെംഗളൂരു ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം.അറസ്റ്റിലായിട്ട് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാവാനിരിക്കെയാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് എംജി ഉമയാണ് ജാമ്യം അനുവദിച്ചത്. 15ലധികം തവണയാണ് മുന്‍പ് സെഷന്‍സ് കോടതി ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളിയത്. പിന്നീട് ബിനീഷ് ഹൈക്കോടതിയെ സമീപിച്ചു. മുന്‍പ് വാദം കേട്ടിരുന്ന ബെഞ്ച് മാറുകയും ചെയ്തു. തുടര്‍ന്നാണ് ഇപ്പോള്‍ ബിനീഷിന് ജാമ്യം ലഭിച്ചത്.

ബിസിനസ് സംരംഭങ്ങള്‍ മറയാക്കി ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കര്‍ണാടക ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ബിനീഷ് കോടിയേരിയേരിയുടെ ഡ്രൈവര്‍ അനികുട്ടന്‍, സുഹൃത്ത് അരുണ്‍ എന്നിവര്‍ അന്വേഷണവുമായി സഹകരിക്കാത്തതില്‍ ദുരൂഹത ഉണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ബംഗളൂരു കളളപ്പണ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയ്‌ക്കെതിരെ ആയിരുന്നു ഇഡിയുടെ വാദം.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ ബിനീഷിന്റെ അഭിഭാഷകന്റെ വാദം ജൂലൈ മാസം പൂര്‍ത്തിയായിരുന്നു. മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ പ്രതിചേര്‍ക്കാത്തതിനാല്‍ കേസിനെ ആധാരമാക്കി ഇ.ഡി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്നും ഇതുവരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാനായില്ലെന്നുമാണ് ബിനീഷിന്റെ അഭിഭാഷകന്‍ വാദിച്ചത്.