സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാതെ 11 കോടിപേര്‍; ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

സമയപരിധി കഴിഞ്ഞിട്ടും രാജ്യത്ത് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവരുടെ എണ്ണം 11 കോടിയെന്ന് കണക്കുകള്‍.വാക്‌സിന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ക്ഷാമം
നിലവിലില്ല.എന്നിട്ടും രണ്ടാം ഡോസ് എടുക്കുന്നതില്‍ ആളുകള്‍ വിമുഖത കാണിക്കുന്നത് ഗൗരവമേറിയ വിഷയമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ചു.

സമയപരിധി കഴിഞ്ഞിട്ടും ആളുകള്‍ രണ്ടാം ഡോസ് എടുക്കാന്‍ വരാത്തതില്‍ സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ടാം ഡോസ് എടുക്കാത്തവരിലും, ഇനിയും ആദ്യ ഡോസ് എടുക്കാത്തവരിലും കേന്ദ്രീകരിച്ച് വാക്‌സിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിക്കും.രാജ്യത്ത് 75 ശതമാനം പേരാണ് ഒന്നാം ഡോസ് വാക്‌സിന്‍ എടുത്തിട്ടുള്ളത്. രണ്ട് ഡോസും സ്വീകരിച്ചത് 31 ശതമാനം പേരാണ്.

ഒക്ടോബര്‍ 21ന് രാജ്യം 100 കോടി ഡോസ് വാക്‌സിന്‍ നല്‍കിയ നാഴികകല്ല് പിന്നിട്ടിരുന്നു. രണ്ടാം ഡോസ് എടുക്കാത്തവരെ കണ്ടെത്തി അത് നല്‍കാന്‍ കര്‍മ്മ പദ്ധതി രൂപികരിക്കാനും കേന്ദ്രം സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യും. അതേ സമയം കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ഉണ്ടായേക്കും എന്നാണ് വിവരം